ജൈവകൃഷി അഥവാ ഓർഗാനിക് ഫാമിംഗ് എന്ന് പറയുന്നത് അടിസ്ഥാനപരമായി പ്രകൃതിയോടു ചേർന്നുള്ള ഒരു കാർഷിക ശൈലിയാണ്. രാസവളങ്ങൾ ഉപയോഗിക്കുമ്പോൾ മണ്ണിന്റെ സ്വാഭാവിക ഫലഭൂയിഷ്ടി നഷ്ടപ്പെടുകയും കൃത്രിമമായി അധിക വിളവുണ്ടാക്കാൻ സസ്യങ്ങൾ പ്രേരിതമാകുകയും ചെയ്യും. അതിന്റെ പാർശ്വഫലമായി കീടങ്ങൾ പെരുകുകയും രോഗങ്ങൾ ചെടികളെ കടന്നാക്രമിക്കുകയും ചെയ്യും. അപ്പോൾ സ്വാഭാവികമായും കീടനാശിനികളുടെ നീണ്ടനിരതന്നെ നാം അവയെ പ്രതിരോധിക്കാനായി രംഗത്തിറക്കുകയും ചെയ്യുന്നു. ഇത്തരം കീടനാശിനികൾ ശരിക്കു പറഞ്ഞാൽ കുടത്തിലടച്ച ഭൂതങ്ങളാണ്. താൽക്കാലികമായ നേട്ടങ്ങളും ലാഭങ്ങളും മാത്രം മുന്നിൽക്കണ്ട് നാമതിനെ തുറന്നു വിടുമ്പോൾ അവയുണ്ടാക്കാൻ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ആരുംതന്നെ ചിന്തിക്കാറില്ല. അഥവാ ഒരുവൻ മാറിച്ചിന്തിച്ചാൽ അവനെ പരിഹസിക്കുകയും ഒറ്റപ്പെടുത്തുകയുമാണല്ലോ നമ്മൾ മലയാളികളുടെ പതിവ് ശൈലികൾ. കേരളത്തിൽ ഒരു കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന ഉഗ്രവിഷമുള്ള കീടനാശിനിയായിരുന്നു 'ഡി.ഡി. റ്റി' . പിന്നീട് അമ്മമാരുടെ മുലപ്പാലിൽ പോലും അതിന്റെ വിഷാംശം കണ്ടെത്തുകയുണ്ടായി എന്ന് പറയുമ്പോൾ അതിന്റെ മാരകമായ അപകടസാധ്യതയെക്കുറിച്ച് കൂടുതൽ വിശദമാക്കേണ്ടതില്ലല്ലോ. വടക്കൻ ജില്ലകളിലെ തോട്ടം മേഖലകളിൽ കാൽ നൂറ്റാണ്ടിലധികം പെയ്യിച്ച എൻഡോസൾഫാൻ മഴയിൽ കുതിർന്നത് എത്ര തലമുറകളാണ്? ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് കീടനാശിനികൾ കീടങ്ങളെ മാത്രമല്ല മനുഷ്യനടക്കമുള്ള എത്രയോ ജീവജാലങ്ങളുടെയും കൊലയാളിയാകുന്ന മഹാമാരിയാണ് എന്ന വസ്തുതയാണ്. കീടനാശിനികൾ കീടങ്ങളെ ഒറ്റയടിക്കും മനുഷ്യനെ ഇഞ്ചിഞ്ചായും കൊല്ലുന്നു എന്ന ഒറ്റ വിത്യാസം മാത്രമേയുള്ളൂ. വൻദുരന്തങ്ങളുണ്ടാകുമ്പോൾ മാത്രം പ്രതികരിക്കുകയും ക്രമേണയുണ്ടാകുന്ന ദുരിതങ്ങളോട് പൊരുത്തപ്പെടുകയും ചെയ്യുകയെന്ന സാമൂഹിക കുറ്റകൃത്യമാണ് ഇവിടെയും നമുക്ക് കാണാനാകുക.