കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഇഞ്ചി കൃഷി ചെയ്യാമെങ്കിലും 300 മീറ്ററിനും 900 മീറ്ററിനും ഇടയിൽ ഉയരമുള്ള പ്രദേശങ്ങളാണ് ഉചിതം. ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയാണ് ഇഞ്ചികൃഷിക്ക് നല്ലത്. മഴയെ ആശ്രയിച്ചോ ജലസേചന സൗകര്യം ഏർപ്പെടുത്തിയോ കൃഷി ചെയ്യാവുന്നതുമാണ്. കൃഷി മഴയെ മാത്രം ആശ്രയിച്ച് ആണെങ്കിൽ നടുന്ന സമയത്ത് മിതമായും വളർച്ച സമയത്ത് സമൃദ്ധമായി മഴ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. വിളവെടുപ്പിന് ഒരു മാസം മുൻപെങ്കിലും മഴ നിലച്ചിരിക്കുകയും വേണം. മിതമായ തോതിൽ തണൽ ഇഷ്ടപ്പെടുന്ന വിളയാണിതെങ്കിലും സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന സ്ഥലങ്ങളിലും നല്ലതുപോലെ വളർച്ച കാണിക്കുന്നു.
കുറച്ചുകാലം കൃഷിയൊന്നും ചെയ്യാതിരുന്നതും വളക്കൂറുള്ളതും ജൈവാംശം കൂടിയതുമായ മണ്ണാണ് ഇഞ്ചി കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. അങ്ങനെ തിരഞ്ഞെടുക്കുന്ന മണ്ണ്; നല്ല നീർവാഴ്ചയുള്ളതും നല്ലതുപോലെ വായു സഞ്ചാരം ഉള്ളതുമായിരിക്കണം. കൂടാതെ ഇങ്ങനെ തിരഞ്ഞെടുക്കുന്ന മണ്ണിന്റെ അമ്ല-ക്ഷാര സൂചിക ആറിനും ഏഴിനും ഇടയിലുമായിരിക്കണം. പുളി രസം കൂടുതലായി കാണപ്പെടുന്ന മണ്ണിൽ കുമ്മായം വിതറി അമ്ലരസം കുറയ്ക്കാവുന്നതാണ്. മണ്ണിൽ നിന്നും ധാരാളം ജലം വലിച്ചെടൂക്കുന്നതിനാലും മണ്ണിലൂടെ രോഗകാരികളായ ബാക്റ്റീരിയയും കുമിളുകളൂം പടരുന്നതിനാലും ഒരേസ്ഥലത്ത് തുടർച്ചയായി ഇഞ്ചി കൃഷി ചെയ്യരുത്. കുറഞ്ഞത് ഒരേ കൃഷിസ്ഥലത്തെ കൃഷിയുടെ ഇടവേളകൾ രണ്ടുവർഷം വരെ ആകാവുന്നതുമാണ്.
മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിയാണെങ്കിൽ പുതുമഴ കിട്ടുന്നതോടുകൂടി നിലമൊരുക്കാവുന്നതാണ്. നന്നായി ഉഴുതോ കിളച്ചോ മണ്ണിളകുന്ന വിധത്തിൽ തടങ്ങൾ കോരുന്നു.ഓരോ പ്രദേശത്തിന്റേയും കൃഷി രീതിയനുസരിച്ച് തടത്തിന്റെ ആകൃതി നിശ്ചയിക്കാവുന്നതാണ്. അടിവളമായി ക്മ്പോസ്റ്റോ കാലിവളമോ ചേർക്കാവുന്നതാണ്. തടങ്ങൾ തമ്മിൽ ഏകദേശം ഒരടി അകലത്തിൽ 25 സെന്റിമീറ്റർ ഉയരത്തിൽ നിർമ്മിക്കാവുന്നതാണ്. വിത്തിഞ്ചി തടങ്ങളിൽ 25 സെന്റീമീറ്റർ അകലത്തിൽ കുഴികളെടുത്ത് അതിൽ 5 സെന്റീമീറ്റർ താഴ്ചയിൽ ചെറിയ കുഴികളിൽ നടാവുന്നതാണ്. നടുന്നതിനോടൊപ്പം ട്രൈക്കോഡർമ അടങ്ങിയ ചാണകപ്പൊടി - വേപ്പിൻ പിണ്ണാക്ക് മിശ്രിതം ചെറിയ കുഴികളിൽ ഇട്ട് മണ്ണിട്ടു മൂടുന്നത്; മണ്ണിലൂടെയുള്ള രോഗങ്ങളെ നിയന്ത്രിക്കാൻ സാധ്യമാകുന്നു..
വിത്ത് കൃഷിക്കായി ശേഖരിക്കുന്നതു മുതൽ വിളവെടുപ്പുവരെ വളരെയധികം പരിപാലനം ആവശ്യമുള്ള ഒരു സസ്യമാണ് ഇഞ്ചി. കൃഷിക്കായി ഒരുക്കുന്ന കീടരോഗങ്ങൾ ഇല്ലാത്ത ചെടികളിൽ നിന്നു മാത്രം വിത്തിനുള്ള ഇഞ്ചി ശേഖരിക്കുക. കൃഷി സമയത്തേക്കായി കീടങ്ങളുടെ ആക്രമണം ഇല്ലാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുക. നടുന്നതിനായി സമുദ്രനിരപ്പിൽ നിന്നും 300 മീറ്റർ മുതൽ 900 മീറ്റർ വരെ പൊക്കമുള്ള പ്രദേശങ്ങൾ തിരഞ്ഞെടുക്കുക. കൃത്യമായ കാലയളവിലുള്ള രാസവള/ജൈവവളപ്രയോഗം. എന്നിവയും പരിപാലനത്തിൽ ഉൾപ്പെടുന്ന പ്രധാന കാര്യങ്ങളാണ്. നിത്യേനയുള്ള നിരീക്ഷണം ഇഞ്ചിയുടെ കൃഷിയിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു സംഗതിയാണ്. പരിപാലനത്തിൽ ഏറ്റവും പ്രധാന സംഗതിയായി കരുതുന്നത് ഇഞ്ചിയുടെ ചുവട്ടിലെ പുതയിടൽ ആണ്. നടീൽ കഞ്ഞ ഉടനേതന്നെ ഒരു പച്ചില തടത്തിനു മുകളിൽ വിരിക്കുന്നത് തടത്തിലെ ഈർപ്പം നഷ്ടപ്പെടുന്നത് ഒരു പരിധിവരെ തടയുന്നതിനുള്ള പ്രധാന മാർഗ്ഗമാണ്. ഇങ്ങനെ പുതയിടുന്നതിനാൽ വലിയ മഴയിൽ നിന്നും ഒലിച്ചു പോകാതെ വിത്തിനെ സംരക്ഷിക്കുന്നു. പുതയിടുന്നതിനായി പച്ചില കിട്ടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ ഒന്നാം മഴ കഴിഞ്ഞാൽ തടങ്ങൾക്കിടയിലുള്ള സ്ഥലങ്ങളിൽ ഡയിഞ്ചയുടെ വിത്ത് വിതയ്ക്കുന്നത് നന്നായിരിക്കും. അവ പിന്നീട് വെട്ടി പുതയിടുന്നതിനായി ഉപയോഗിക്കാവുന്നതാണ്. ഓരോ പ്രാവശ്യവും വളപ്രയോഗത്തിനു മുൻപ് തടത്തിൽ നിന്നും കളകൾ നീക്കം ചെയ്യേണ്ടതാണ്.
വളരെയധികം മൂലകങ്ങളെ സ്വീകരിച്ച് വളരുന്ന വിളയാണ് ഇഞ്ചി. അതിനാൽ തന്നെ ശാസ്ത്രീയമായ രീതിയിലുള്ള മണ്ണു പരിശോധനയ്ക്കു ശേഷം നടത്തുന്ന വളപ്രയോഗമാണ് നല്ലത്. ആദ്യത്തെ മൂന്നുമുതൽ നാലുമാസം വരെയാണ് ഇഞ്ചിയുടെ വളാർച്ച് ദ്രുതഗതിയിലുള്ളത്. അതിനാൽ നാലുമാസത്തിനുള്ളിൽ വളം മുഴുവനും ചെടികൾക്ക് നൽകേണ്ടതാണ്. ഒരു ഹെക്ടർ കൃഷി സ്ഥലത്ത് 163 കിലോഗ്രാം യൂറിയ, 250 കിലോഗ്രാം മസോറിഫോസ്, 85 കിലോഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങൾ ഉപയോഗിക്കണം എന്നാണ് കേരള കാർഷിക സർവകലാശാലയുടെ ശുപാർശ. ഇതി മുഴുവൻ ഫോസ്ഫറസും, പകുതി പൊട്ടാഷും അടിവളം ആയി ഉപയോഗിക്കണം. കൂടാതെ നടീൽ കഴിഞ്ഞ് രണ്ടു മാസം പ്രായമായാൽ യൂറിയയുടെ പകുതിയും നാലുമാസപ്രായത്തിൽ ബാക്കി യൂറിയയും പകുതി പൊട്ടാഷും നൽകണം. . നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ്, കാത്സ്യം, മഗ്നീഷ്യം, എന്നിവയാണ് ഇഞ്ചിയുടെ വളർച്ചക്ക് വേണ്ട മൂലകങ്ങൾ. സിങ്കിന്റെ അഭാവം മണ്ണിൽ ഉണ്ടായാൽ സിങ്ക് സൾഫേറ്റ് 5 കിലോഗ്രാം ഒരു ഹെക്ടർ എന്ന തോതിലും നൽകാം. വളപ്രയോഗത്തിനുശേഷം തടങ്ങളിൽ മണ്ണ് കയറ്റി പുതയിടേണ്ടതുമാണ്.
ഇഞ്ചി നട്ട് ഏഴെട്ടുമാസം പ്രായമാകുന്നതോടെ അവയുടെ ഇലകളും തണ്ടുകളും ഉണങ്ങി തുടങ്ങുന്നു. അതാണ് വിളവെടുപ്പിന് അനുകൂല സമയം. ഇലകളും തണ്ടുകളും പൂർണ്ണമായും ഉണങ്ങുന്നതോടെ വിളവെടുപ്പ് ആരംഭിക്കാം. ഉപയോഗക്രമം അനുസരിച്ചും വിലയുടെ ഏറ്റക്കുറച്ചിലും അനുസരിച്ച് ഇഞ്ചിയുടെ വിളവെടുപ്പിൽ ഏറ്റക്കുറച്ചിലുകൾ വരാറുണ്ട്. ഇഞ്ചി നട്ട് ആറാം മാസത്തിലെ വിളവെടുപ്പ് പ്രധാനമായും പച്ച ഇഞ്ചി, ബാഷ്പശീല തൈലം, ഓളിയ്യോറസിൻ എന്നിവക്കായിട്ടാണ്. പുതിയ വിത്തിഞ്ചി, ചുക്ക് എന്നിവയ്ക്ക് എട്ടാം മാസത്തെ വിളവെടുപ്പുമാണ് നല്ലത്. വിളവെടുക്കാൻ കാലതാംസം നേരിട്ടാൽ ഇഞ്ചി ഉണങ്ങി അഴുകുന്ന ഒരു തരം കുമിൾ രോഗം വരാനുള്ള സാധ്യതയുമുണ്ട്.