പ്രധാന പരിപാടികൾ , വാർത്തകൾ , മരണം , വിവാഹം എന്നിവ നിങ്ങൾക്കും റിപ്പോർട്ട് ചെയ്യാം CLICK HERE

അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങള്‍

വാഹനത്തില്‍ എപ്പോഴും സൂക്ഷിക്കേണ്ട രേഖകള്‍.
1. ആര്‍.സി. ബുക്ക്‌
2. ഇന്‍ഷ്വറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌
3. വാഹന നികുതി അടച്ച രസീത്‌.
4. ഡ്രൈവിംഗ്‌ ലൈസന്‍സ്‌
5. പുകമലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്‌.
ട്രാന്‍‌സ്പോര്‍ട്ട്‌ വാഹനങ്ങളാണെങ്കില്‍ ഇവ കൂടാതെ പെര്‍മിറ്റ്‌, ഫിറ്റ്നെസ്സ്‌ സര്‍ട്ടിഫിക്കറ്റ്‌, ട്രിപ്പ്‌ ഷീറ്റ്‌, പരാതി ബുക്ക്‌ എന്നിവയും ഉണ്ടായിരിക്കണം.

ഏക ജാലക സൌകര്യം (FRIENDS അഥവാ ജനസേവനകേന്ദ്രം, അക്ഷയ)
ബി.എസ്സ്.എന്‍.എല്‍, സിവില്‍ സപ്ലൈസ്സ്‌, റവന്യു, ട്രാന്‍‌സ്പോര്‍ട്ട്‌ ഓഫീസ്സ്‌, ഇലക്ട്രിസിറ്റി ഓഫീസ്സ്‌, വാട്ടര്‍ അതോറിറ്റി, കേരളാ സര്‍വ്വകലാശാല, നഗരസഭ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും ജനസേവനകേന്ദ്രത്തില്‍ സ്വീകരിക്കും. ഞായറാഴ്ചയും പ്രവര്‍ത്തിദിവസമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 2338652, 2338653. അക്ഷയ യുടെ നമ്പവന്‍‌കാവ്‌ ബസ്സ്‌സ്റ്റോപ്പിനടുത്ത്‌ തുടങ്ങിയിട്ടുള്ള ആഫീസിലും ഈ സേവനങ്ങള്‍ ലഭ്യമാണ്..

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള ഫാറം വില്ലേജ്‌ ആഫീസ്സ്‌, താലൂക്ക്‌ ഓഫീസ്സ്‌ എന്നിവിടങ്ങളില്‍ നിന്നു സൌജന്യമായി ലഭിക്കും. 18 വയസ്സ്‌ പൂര്‍ത്തിയാക്കിയതിന്റെ രേഖ, വിലാസം തെളിയിക്കുന്ന രേഖ എന്നിവ ഹീയറിങ്ങിനു ഹാജരാക്കണം. വീട്ടില്‍ ആരുടെയെങ്കിലും തിരഞ്ഞെടുപ്പ്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ ഉണ്ടെങ്കില്‍ ജോലി എളുപ്പമാവും. യോഗ്യതയുള്ള പക്ഷം ഹീയറിംഗ്‌ ദിനത്തില്‍ തന്നെ ഫോട്ടോ എടുത്ത്‌ അപ്പോള്‍തന്നെ കാര്‍ഡ്‌ നല്‍കുകയും ചെയ്യും.

പുതിയ റേഷന്‍ കാര്‍ഡ്‌ എടുക്കാന്‍
അപേക്ഷകനെ നേരിട്ട്‌ അറിയാമെന്നും വേറെ റേഷന്‍ കാര്‍ഡില്‍ പേരില്ലന്നും എം.എല്‍.എ യുടെ കത്ത്‌ വാങ്ങണം. സിറ്റി റേഷനിംഗ്‌ ഓഫീസിലോ താലൂക്ക്‌ റേഷനിംഗ്‌ ഓഫീസിലോ നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷ, സപ്ലൈ ഓഫീസര്‍, റേഷണിംഗ്‌ ഇന്‍‌സ്പെക്ടര്‍ മുഖേന അന്വേഷിച്ച്‌ റേഷന്‍ കാര്‍ഡ്‌ നല്‍കും. നിലവില്‍ ഏതെങ്കിലും കാര്‍ഡില്‍ പേരുള്ളവരാണെങ്കില്‍ ആ കാര്‍ഡില്‍ നിന്ന്‌ പേര് കുറവ്‌ ചെയ്ത്‌ താലൂക്ക്‌ സപ്ലൈ ഓഫീസറില്‍ നിന്ന്‌ റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങണം. തുടര്‍ന്ന്‌ പുതിയ സ്ഥലത്തെ താമസ സര്‍ട്ടിഫിക്കറ്റുള്‍പ്പടെ അവിടുത്തെ താലൂക്ക്‌ സപ്ലൈ ഓഫീസര്‍ക്ക്‌ അപേക്ഷ നല്‍കണം. റേഷന്‍ കാര്‍ഡ്‌ കളഞ്ഞു പോയാല്‍ ആ വിവരം രേഖാമൂലം താലൂക്ക്‌ സപ്ലൈ ഓഫീസറെ അറിയിക്കണം.തുടര്‍ന്ന്‌ അദ്ദേഹം ഇതിന്റെ നിജസ്ഥിതി അന്വേഷിക്കും. കളഞ്ഞുപോയതായി ബോധ്യപ്പെട്ടാല്‍ പുതിയതു നല്‍കും.

എം‌പ്ലോയ്‌മെന്റ് എക്സ്ചെയ്ഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാന്‍. 14 വയസ്സുള്ള ആര്‍ക്കും പേരു രജിസ്റ്റര്‍ ചെയ്യാം. സ്കൂള്‍ സര്‍ട്ടിഫിക്കറ്റാണ് അടിസ്ഥാര രേഖ. സ്കൂള്‍ വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് ജാതകത്തിന്റെ പകര്‍പ്പും ഡോക്ടരുടെ സര്‍ട്ടിഫിക്കറ്റുമായി രജിസ്റ്റര്‍ ചെയ്യാം. വിലാസം തെളിയിക്കുന്ന റേഷന്‍ കാര്‍ഡുപോലെയുള്ള രേഖകളും വേണം. ബിരുദം പോലെ അധിക യോഗ്യത നേടുമ്പോള്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയാലുടന്‍ രജിസ്റ്റര്‍ ചെയ്യാം.വൈകും തോറും അവസരം പിന്നിലാകും. 50 വയസ്സുള്ളവര്‍ക്ക്‌ വരെ രജിസ്ട്രേഷന്‍ നടത്താം. മൂന്ന്‌ വര്‍ഷം കൂടുമ്പോള്‍ രജിസ്ട്രേഷന്‍ പുതുക്കണം. മൂന്ന്‌ വര്‍ഷത്തിനു ശേഷം 2 മാസം കൂടി പുതുക്കാന്‍ ഗ്രേയ്സ്‌ പിരിയഡ്‌ അനുവദിക്കും. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക്‌ 4 വര്‍ഷം കൂടുമ്പോള്‍ പുതുക്കിയാല്‍ മതി.

ക്ഷേമ പെന്‍ഷനുകള്‍ ക്ഷേമ പെന്‍ഷനുകള്‍ക്ക്‌ അപേക്ഷ സ്വീകരിക്കുന്നതും വിതരണം ചെയ്യുന്നതും അതതു തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴിയാണ്.

വാര്‍ദ്ധക്യ കാല പെന്‍ഷന്‍.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ക്ഷേമ പദ്ധതി ഒരേ സ്ഥലത്ത്‌ 3 വര്‍ഷമായി താമസിക്കുന്നവരും കുടുമ്പവാര്‍ഷിക വരുമാനം 11000 രൂപയില്‍ താഴെയുള്ളവരും ആകണം.അഗതികളായ ഭാര്യക്കും ഭര്‍ത്താവിനും ലഭിക്കും. 20 വയസ്സിനു മുകളിലുള്ള ആണ്‍‌മക്കളുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക്‌ പെന്‍ഷന്‍ ലഭിക്കില്ല.

വിധവാ പെന്‍ഷന്‍
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകള്‍ക്കുള്ള ക്ഷേമ പദ്ധതി. 110 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. ഭര്‍ത്താവ്‌ മരിച്ച സ്ത്രീ പുനര്‍ വിവാഹം നടത്തിയിരിക്കരുത്‌. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീ, 7 വര്‍ഷമായി ഭര്‍ത്താവിനെ കുറിച്ച്‌ വിവരമില്ലാത്ത സ്ത്രീ, എന്നിവര്‍ക്കും അര്‍ഹതയുണ്ട്‌. കുടുമ്പ വാര്‍ഷിക വരുമാനം 3600 രൂപയില്‍ താഴെയാകണം. 20 വയസ്സിനു മുകളിലുള്ള ബന്ധുക്കള്‍ (അച്ഛന്‍, അമ്മ, മകന്‍) പാടില്ല. പ്രായപൂര്‍ത്തിയാകാത്ത മകനുണ്ടെങ്കിലും മകനു 20 വയസ്സ്‌ ആകും വരെ അമ്മയ്ക്ക്‌ പെന്‍ഷന്‍ ലഭിക്കാം.

വികലാംഗ പെന്‍ഷന്‍.
മൂകര്‍, അന്ധര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, 40% അംഗവൈകല്യമുള്ളവര്‍, എന്നിവര്‍ക്കാണ് അര്‍ഹത. വാര്‍ഷിക വരുമാനം 6000 രൂപയില്‍ കവിയരുത്‌. 20 വയസ്സിനു മുകളിലുള്ള ബന്ധുക്കള്‍ (അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്‌, മകന്‍) പാടില്ല. ബന്ധുക്കളുണ്ടെങ്കില്‍ വാര്‍ഷികവരുമാനം 6000 രൂപയില്‍ കവിയരുത്‌. 110 രൂപയാണ് പ്രതിമാസ പെന്‍ഷന്‍.

തൊഴില്‍ രഹിത വേതനം.
എമ്പ്ലോയ്‌മെന്റ്‌ എക്സ്ചേയ്ഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതര്‍ക്ക്‌ മാസം 120 രൂപ വീതം തൊഴില്‍ രഹിത വേതനം ലഭിക്കുന്ന പദ്ധതി. എക്സ്ചേയ്ഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അതാതു തദ്ദേശസ്ഥാപനങ്ങളിലാണ് വേതനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. 21 മുതല്‍ 35 വരെ വയസ്സുകാര്‍ക്കാണ് വേതനം ലഭിക്കുക. എക്സ്ചേയ്ഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത്‌ 3 വര്‍ഷം സീനിയാറിറ്റി വന്നാലേ 21 –ം വയസ്സില്‍ തൊഴില്‍ രഹിത വേതനം ലഭിക്കു. തദ്ദേശ സ്ഥാപനങ്ങള്‍ അപേക്ഷകരുടെ വിവരം എക്സ്ചേയ്ഞ്ചുകള്‍ക്ക്‌ നല്‍കും. അയോഗ്യതയുണ്ടെങ്കില്‍ എക്സ്ചെയ്ഞ്ചു നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ വേതനം നിഷേധിക്കാം. 35 വയസ്സ്‌ പൂര്‍ത്തിയാകുന്നതുവരെ വേതനം ലഭിക്കും.

പാന്‍ കാര്‍ഡ്‌.;
പാന്‍ (പെര്‍മനന്റ്‌ അക്കൌണ്ട്‌ നമ്പര്‍) കാര്‍ഡ്‌ നികുതി ദായകരുടെ ഏറ്റവും പ്രധാന തിരിച്ചറിയല്‍ രേഖയാണ്. അദായനികുതി വകുപ്പ്‌ പാന്‍ കാര്‍ഡ് ബാങ്ക്‌ അക്കൌണ്ട്‌ തുടങ്ങാന്‍ ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്ക്‌ നിര്‍ബന്ധമായും ഹാജരാക്കേണ്ട് രേഖയാണ്. യൂണിറ്റ്‌ ട്രസ്റ്റിനെയാണ് പാന്‍‌കാര്‍ഡ് നല്‍കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. വെള്ളയമ്പലത്തുള്ള യൂണിറ്റ്‌ ട്രസ്റ്റ്‌ ഓഫീസില്‍ നിന്നും 5 രൂപയ്ക്ക്‌ അപേക്ഷാ ഫാറം ലഭിക്കും. തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്ന രേഖ എന്നിവ ഉള്‍പ്പെടെ അപേക്ഷയോടൊപ്പം പ്രോസ്സസ്സിംഗ്‌ ഫീസ്സായി 66 രുപയും യൂണിറ്റ് ട്രസ്റ്റ്‌ ഓഫീസ്സില്‍ ഏല്പിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ പാന്‍‌കാര്‍ഡ്‌ തപാലില്‍ ലഭ്യമാകും.

വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍.
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസുകളില്‍ നിന്ന്‌ 25 രൂപയ്ക്ക്‌ അപേക്ഷാ ബുക്ക്‌ലെറ്റ്‌ വാങ്ങണം. ഇതു പൂരിപ്പിച്ച്‌ വിവിധ രേഖകള്‍ ഉള്‍പ്പെടുത്തി 50 രൂപ ഫീസ്സടച്ച്‌ അപേക്ഷ നല്‍കണം. തദ്ദേശ സ്ഥാപനത്തില്‍ നിന്നു ലഭിക്കുന്ന കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌, വസ്തുക്കരം അടച്ചതായി വില്ലേജാഫീസ്സില്‍ നിന്നുള്ള രസീത്‌, വൈദ്യുതി ബോര്‍ഡുമായുള്ള കരാര്‍ 50 രൂപ മുദ്രപത്രത്തില്‍ തയ്യാറാക്കിയത്‌, ലൈസന്‍സ്‌ ഉള്ള ഇലക്ട്രീഷ്യന്‍ സാക്ഷ്യപ്പെടുത്തിയ വയറിംഗ്‌ കമ്പ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയാണ് അപേക്ഷയോടോപ്പം നല്‍കേണ്ട രേഖകള്‍. ബോര്‍ഡുമായുള്ള കരാര്‍, വയറിംഗ് കമ്പ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയുടെ മാതൃക അപേക്ഷാ ബുക്ക്‌ലെറ്റില്‍ തന്നെയുണ്ട്‌. അപേക്ഷ നല്‍കിയ ശേഷം സെക്ഷന്‍ ഓഫീസ്സില്‍ നിന്ന്‌ എസ്റ്റിമേറ്റ്‌ തയ്യാറാക്കി നിര്‍ദ്ദേശിക്കുന്ന ഫീസ്സ്‌, ഡിപ്പോസിറ്റ്‌ എന്നിവ അടച്ചാല്‍ കണക്ഷന്‍ ലഭിക്കും.

വീട്ടു നമ്പര്‍ ലഭിക്കാന്‍.
ലൈസന്‍സുള്ള ആര്‍കിടെക്ടിന്റെയോ സര്‍വ്വേയറുടേയോ പക്കല്‍നിന്നും ലഭിക്കുന്ന കമ്പ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്‌ (പ്ലാന്‍ പ്രകാരമാണ് വീട്‌ പൂര്‍ത്തിയാക്കിയതെന്ന രേഖ) വാങ്ങി കോര്‍പ്പറേഷനിലെ ടൌണ്‍ പ്ലാനിംഗ്‌ വിഭാഗത്തില്‍ ഓക്കുപ്പെന്‍സി സര്‍ട്ടിഫിക്കറ്റിനും വീട്ടുനമ്പരിനും അപേക്ഷ നല്‍കാം.

വാട്ടര്‍ കണക്ഷന്‍ ലഭിക്കാന്‍.
ജല അതോറിറ്റിയുടെ സബ്‌ ഡിവിഷന്‍ ഓഫീസില്‍ നിന്ന്‌ 15 രൂപയ്ക് ലഭിക്കുന്ന നിശ്ചിത ഫാറത്തില്‍ ലൈസന്‍സ്‌ഡ്‌ പ്ലംബര്‍ മുഖേന രേഖകള്‍ സഹിതമാണ് വാട്ടര്‍ കണക്ഷന്‍ ലഭിക്കുവാന്‍ അപേക്ഷ നല്‍കേണ്ടത്‌. കണക്ഷന്‍ ലഭിക്കേണ്ട വീടോ, സ്ഥാപനമോ നില്‍ക്കുന്ന ജല അതോറിറ്റി സെക്ഷന്‍ ഓഫീസ്സ് ഉള്‍പ്പെടുന്ന സബ്‌ ഡിവിഷന്‍ ഓഫീസിലെ അസ്സിസ്റ്റന്റ്‌ എക്സിക്കുട്ടീവ്‌ എഞ്ചിനിയര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്‌. 10 രൂപ മുദ്ര പത്രത്തില്‍ തയ്യാറാക്കിയ കരാര്‍. തദ്ദേശ ഭരണ സ്ഥാപനത്തില്‍ നിന്നു ലഭിക്കുന്ന കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌ തുടങ്ങിയ വിവിധ രേഷകളും ഒപ്പം വയ്കണം. അപേക്ഷ ലഭിച്ചാല്‍ വാട്ടര്‍ വര്‍ക്സ്‌ ഇന്‍സ്പക്ടര്‍ സ്ഥലത്തു പോയി സാധ്യതാ പഠനം നടത്തി അസിസ്റ്റന്റ്‌ എഞ്ചിനിയര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കും. തുടര്‍ന്ന്‌ അടയ്കേണ്ട തുകയുടെ വിശദാംശംങ്ങള്‍ ഉള്‍പ്പെടുത്തി അസ്സിസ്റ്റന്റ്‌ എഞ്ചിനിയര്‍ സബ്‌–ഡിവിഷന്‍ ഓഫീസിലേക്ക്‌ ശുപാര്‍ശ നല്‍കും.ഇവിടെ തുക അംഗീകരിച്ചാല്‍ പണം അപേക്ഷകനു അടയ്കാം.തുടര്‍ന്ന്‌ വര്‍ക്ക്‌ ഓര്‍ഡര്‍ നല്‍കും.

ജനന മരണ രജിസ്ട്രേഷന്‍.
ജനനവും മരണവും അതതു തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ 21 ദിവസത്തിനുള്ളില്‍ നിര്‍ബന്ധമായും അറിയിച്ച്‌ രജിസ്റ്റര്‍ ചെയ്തിരിക്കണം. 30 ദിവസം വരെ 2 രൂപ ലേറ്റ്‌ഫീ ഒടുക്കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഒരു വര്‍ഷം കഴിഞ്ഞ്‌ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ പഞ്ചായത്ത്‌ ഡപ്യൂട്ടി ഡയറക്ടറുടെ അനുവാദം വേണ്ടി വരും. ജനനമരണം രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത്‌ കുറ്റകരമാണ്. സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിനു 5 രൂപ കോര്‍ട്ട്‌ഫീ സ്റ്റാ‍മ്പൊട്ടിച്ച്‌ വെള്ള പേപ്പറില്‍ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ നല്‍കിയാല്‍ മതി. ആശുപതിയിലാണ് ജനനമരണമെങ്കില്‍ ആശുപതി അധികൃതര്‍ തന്നെ വിവരം തദ്ദേശസ്ഥാപനങ്ങള്‍ക്ക്‌ കൈമാറണം. ബന്ധുക്കള്‍ പിന്നീട്‌ നേരിട്ട്‌ സ്ഥാപനങ്ങളില്‍ നിന്നും കൈപ്പറ്റണം. വീടുകളില്‍ നടക്കുന്ന ജനനമരണങ്ങള്‍ വീട്ടുകാര്‍ നേരിട്ട്‌ അരിയിക്കണം. കിയോസ്ക്‌ സംവിധാനത്തിലുള്ള നഗരത്തിലെ ഏതാനും ആശുപത്രികള്‍ നഗരസഭയുമായി ബന്ധപ്പെട്ട്‌ നേരിട്ട്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

ജാതി സര്‍ട്ടിഫിക്കറ്റുകള്‍.
വെള്ള പേപ്പറില്‍ 5 രുപ കോര്‍ട്ട്ഫീ സ്റ്റാമ്പൊട്ടിച്ച്‌ വില്ലേജ ഓഫീസറിന് അപേക്ഷ നല്‍കിയാല്‍ മതി.വേണ്ടപെട്ട രേഖകളും ഹാജരാക്കണം. പട്ടിക വിഭാഗത്തിലുള്ളവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ തഹ്‌സീല്‍ദാരാണ് നല്‍കുന്നത്‌. അപേക്ഷയില്‍ സ്റ്റാമ്പൊട്ടിക്കേണ്ടതില്ല.

വരുമാന സര്‍ട്ടിഫിക്കറ്റ്‌.
നിശ്ചിത ഫോറത്തില്‍ 5 രുപ കോര്‍ട്ട്ഫീ സ്റ്റാമ്പൊട്ടിച്ച്‌ വില്ലേജ ഓഫീസറിന് അപേക്ഷ നല്‍കിയാല്‍ മതി. ശമ്പള സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ്‌ , വസ്തുക്കളുടെ കണക്കുകള്‍ എന്നിവയും നല്‍കണം. അന്വേഷണങ്ങള്‍ക്ക്‌ ശേഷം വില്ലേജ്‌ ഓഫീസര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്‌ നല്‍കും.

പുതിയ പാസ്സ്‌പോര്‍ട്ടിനു.
അപേക്ഷാഫാറത്തിന്റെ വില 10 രൂപ. (ഫോറം-1). ഫോട്ടോസ്റ്റാറ്റും സ്വീകരിക്കും. അപേക്ഷയോടൊപ്പം ജനനത്തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ (സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്‌, പഞ്ചായത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ ഇവയില്‍ ഏതെങ്കിലും ഒന്നു്), താമസസ്ഥലം തെളിയിക്കാന്‍ റേഷന്‍ കാര്‍ഡ്, വാട്ടര്‍ കാര്‍ഡ്, ഇലക്ട്രിസിറ്റി, ടെലിഫോണ്‍ ബില്‍, ബാങ്ക്‌ പാസ്സ് ബുക്ക്‌ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ മൂന്നു കോപ്പിയും (രണ്ടെണ്ണം ഗസറ്റഡ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയതും, ഒന്നു അപേക്ഷകന്‍ തന്നെ സാക്ഷ്യപ്പെടുത്തിയതും) 8 പാസ്സ് പോര്‍ട്ട്‌ സൈസ്സ്‌ ഫോട്ടോയുമായി വേണം അപേക്ഷിക്കാന്‍. 2 ഫോട്ടോയില്‍ അപേക്ഷകന്‍ ഒപ്പിട്ടിരിക്കണം. 1000 രൂപയാണ് ഫീസ്‌. 1989 ജനുവരി 26-നു ശേഷം ജനിച്ചവര്‍ക്ക്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാണ്‌. അപേക്ഷകന്‍ പ്രായപൂര്‍ത്തി ആയിട്ടില്ലെങ്കില്‍ അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ പാസ്സ്പോര്‍ട്ടും നല്‍കണം. ഫീസ്സ്‌ 600 രൂപ. രക്ഷകര്‍ത്താക്കള്‍ വിദേശത്താണെങ്കില്‍ ഇവിടെ രക്ഷകര്‍തൃസ്ഥാനം നല്‍കിയിട്ടുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. പക്ഷേ അതിനു അധികാരപ്പെടുത്തികൊണ്ട്‌ വിദേശത്തുള്ള രക്ഷകര്‍ത്താക്കള്‍ നല്‍കുന്ന കത്ത്‌, 6 കളര്‍ പാസ്സ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ എന്നിവ വേണം. സാധാരണ ഗതിയില്‍ 30 ദിവസത്തിനുള്ളില്‍ പാസ്സ്പോര്‍ട്ട്‌ ലഭിക്കും.

പാസ്സ്പോര്‍ട്ട്‌ നഷ്ടപ്പെട്ടാല്‍.
നഷ്ടപ്പെട്ടയാള്‍ താമസ്സിക്കുന്ന സ്റ്റേഷന്‍ പരിധിയിലെ സബ്‌ ഇന്‍‌സ്പെക്ടര്‍ക്ക്‌ പരാതി നകി അവിടെ നിന്നും ലഭിക്കുന്ന എഫ്.ഐ.ആറിന്റെ പകര്‍പ്പോടുകൂടി വേണം ഡൂപ്ലിക്കേറ്റിനപേക്ഷിക്കുവാന്‍.നഷ്ടപ്പെട്ടതായി പരസ്യം ചെയ്ത്‌ ഒരു മാസം കഴിഞ്ഞും തിരിയെ ലഭിച്ചില്ലെങ്കില്‍ മാത്രമേ ഡ്യൂപ്ലിക്കേറ്റ്‌ അനുവദിക്കുകയുള്ളു. കാലാവധി തീര്‍ന്ന പാസ്സ്പോര്‍ട്ടാണെങ്കില്‍ 1000 രൂപയും അല്ലാത്തതാണെങ്കില്‍ 2500 രൂപയും ഫീസ്സ് നല്‍കണം. വിദേശത്തു വച്ചാണ് പാസ്പോര്‍ട്ട്‌ കളഞ്ഞെതെങ്കില്‍ അവിടെ നിന്നും പകരം ലഭിക്കുന്ന ഔട്ട്പാസ്‌ ഇവിടെ വിമാനത്താവളത്തിലോ, തുറമുഖത്തിലോ ഏള്‍പ്പിച്ചാല്‍ ഒരു സ്ലിപ്പ്‌ നല്‍കും. ഈ സ്ലിപ്പ്‌ സഹിതം ഡ്യൂപ്ലിക്കേറ്റ്‌ പാസ്പോര്‍ട്ടിനു അപേക്ഷിക്കണം.

വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത്‌ നിര്‍ബന്ധം.
2008 ഫബ്രുവരി 29 മുതല്‍ പുതിയ വിവാഹ രജിസ്ട്രേഷന്‍ നിയമം നിലവില്‍ വന്നു. ഇതനുസരിച്ച്‌ വിവാഹം നടന്ന്‌ 45 ദിവസത്തിനുള്ളില്‍ ഗ്രാമപഞ്ചായത്ത്‌– നഗരസഭാ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കില്‍ 100 രൂപ പിഴ. ഇതിനായി പ്രത്യേക അപേക്ഷാ ഫാറം ഉണ്ട്‌. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ വധൂവരന്മാരുടെ ഫോട്ടോ പതിച്ച വിവാഹ സര്‍ട്ടിഫിക്കറ്റ്‌ നല്‍കും. എല്ലാ മതസ്ഥര്‍ക്കും വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധം. മതാചാരപ്രകാരം വിവാഹം നടന്നതിന്റെ തെളിവ്‌ ഹാജരാക്കേണ്ടതാണ്. ചുരുക്കത്തില്‍ ഈ നിയമം പ്രാബല്യത്തിലായതിനു ശേഷം, മതാചാരപ്രകാരം നടത്തിയതാണെങ്കില്‍ പോലും ഒരു വിവാഹത്തിനു നിയമ സാധുത ഉണ്ടാകണമെങ്കില്‍ ആ വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കണം, മതമേതായാലും.

പാചക വാതക കണക്ഷന്‍ ലഭിക്കാന്‍.
അപേക്ഷിക്കുന്ന ഏജന്‍സിയുടെ പരിധിയിലാണ് താമസിക്കുന്നതെന്ന്‌ തെളിയിക്കാനായി റേഷന്‍ കാര്‍ഡിന്റെ ഒന്നും നാലും പേജിന്റെ കോപ്പി സഹിതം ഏജന്‍സിയില്‍ ഹാജരാക്കി പുതിയ കണക്ഷനു ബുക്ക്‌ ചെയ്യാം. അപേക്ഷാ ഫീസ്‌ ഇല്ല. വിവരങ്ങള്‍ റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തും. സീനിയാറിറ്റി ലഭിക്കുമ്പോള്‍ തപാലില്‍ വിവരം അറിയിക്കും. ഒരു സിലിണ്ടര്‍ ലഭിച്ചാ‍ല്‍ രണ്ടാമത്തേതിനു ഉടന്‍ ബുക്ക്‌ ചെയ്യാം. ഗ്യാസ്‌ ഏജന്‍സിയുടെ ഗോഡൌണില്‍ നിന്നും 5 കിലോമീറ്ററിനുള്ളിലാണ് ഉപഭോക്താവെങ്കില്‍ യാതൊരു വിധ ട്രാന്‍‌സ്പോര്‍ട്ടിംഗ് ഫീസും ഇല്ലാതെ വേണം പാചക വാതകം എത്തിക്കാന്‍. 5മുതല്‍ 10 കിലോമീറ്റര്‍ വരെ ദൂരമുണ്ടെങ്കില്‍ 16 രൂപയും, 10-15 വരെ 21 രൂപയും, 15-20 വരെ 26 രൂപയും, 20-25 വരെ 31 രൂപയും വേണം ഏജന്‍സികള്‍ ട്രാന്‍‌സ്പോര്‍ട്ടിംഗ് ഫീസായി വാങ്ങേണ്ടത്‌.

കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌.
വെള്ള പേപ്പറില്‍ അപേക്ഷയെഴുതി ഒരു രൂപ കോര്‍ട്ട്ഫീ സ്റ്റാമ്പ്‌ പതിച്ച്‌ നികുതി കുടിശികയുണ്ടെങ്കില്‍ അതും തീര്‍ത്തടച്ച്‌ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ സമര്‍പ്പിക്കണം. ഫീസ്സ്‌ – 5 രൂപ (പോസ്റ്റേജ്‌ ചാര്‍ജ്ജ്‌). അപേക്ഷിച്ച്` 2 ദിവസത്തിനകം ലഭിക്കേണ്ടതാണ്.

റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്‌.
നിശ്ചിത ഫാറത്തില്‍ 1 രൂപ കോര്‍ട്ട്ഫീ സ്റ്റാമ്പ് പതിച്ച്‌ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ അപേക്ഷ സമര്‍പ്പിക്കണം. നികുതി കുടിശ്ശിക തീര്‍ത്തടച്ചിരിക്കണം. ഫീസ്‌ – 5 രൂപ (പോസ്റ്റേജ് ചാര്‍ജ്ജ്) . അപേക്ഷിച്ച്‌ 7ദിവസത്തിനകം ലഭിക്കേണ്ടതാണ്.

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്
.
5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച നിശ്ചിത അപേക്ഷയും കെട്ടിടത്തിന്റെ പ്ലാനും സൈറ്റ്‌ പ്ലാനും പ്രമാണത്തിന്റേയും സാമ്പത്തിക വര്‍ഷത്തില്‍ കരമൊടുക്കിയ വസ്തുവിന്റെ റവന്യൂ രസീത്‌ എന്നിവയുടെ അസ്സലും, പകര്‍പ്പും സഹിതം പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ സമര്‍പ്പിക്കണം. അപേക്ഷ ലഭിച്ച്‌ ഒരു മാസത്തിനകം ബില്‍ഡിംഗ്‌ ഇന്‍‌സ്പെക്ടര്‍ അല്ലെങ്കില്‍ പഞ്ചായത്ത്‌ സെക്രട്ടറി സ്ഥലം പരിശോധിച്ച്‌ അനുമതി നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യാം.

വീട്ടു നമ്പര്‍ ലഭിക്കുന്നതിനു.
ഫോറം 5-ല്‍ അപേക്ഷ സ്വയംഭരണ സെക്രട്ടറിക്ക്‌ നല്‍കണം. ലൈസന്‍സുള്ള ആര്‍ക്കിടെക്റ്റിന്റേയോ സര്‍വ്വയറുടേയോ പക്കല്‍ നിന്നും ലഭിക്കുന്ന കമ്പ്ലീഷന്‍ സര്‍ട്ടിഫിക്കറ്റും വേണം. അപേക്ഷയോടൊപ്പം വസ്തുവിന്റെ ഉടമസ്ഥത തെളിയിക്കുന്നതിനായി പ്രമാണം ഹാജരാക്കണം. അന്വേഷണത്തിനു ശേഷം നമ്പര്‍ തരുവാന്‍ അര്‍ഹമാണെങ്കില്‍ ആവശ്യമായ കരം ചുമത്തി നമ്പര്‍ തരുന്നതാണ്.

വീട്ടുനംബര്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
വീട്‌ എത്ര വലുതായാലും അതില്‍ ഒരു കുടുംബം മാത്രമേ താമസിക്കുന്നുവെങ്കില്‍ ആ വീടിനു ഒരു നമ്പര്‍ മതിയാകും. എന്നാല്‍ വീട്‌ എത്ര ചെറുതായാലും അതില്‍ രണ്ടു കുടുമ്പം താമസിക്കുന്നുവെങ്കില്‍ രണ്ട്‌ നംബര്‍ ഇടേണ്ടതാണ്. ഒരു കുടുമ്പം താമസിക്കുന്ന വലിയ വീട്ടില്‍ ഒരു മുറിയില്‍ ആ കുടുമ്പത്തിലെ അംഗമല്ലാത്ത ഒരാള്‍ പ്രത്യേകം താമസിക്കുകയാണെങ്കില്‍ അതിനും പ്രത്യേകം വീട്ടു നംബര്‍ ഉണ്ടാകേണ്ടതാണ്.

പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍.
1.ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്
2. താമസ സര്‍ട്ടിഫിക്കറ്റ്
3. ജനന സര്‍ട്ടിഫിക്കറ്റ്
4. തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്
5.വിവാഹ സര്‍ട്ടിഫിക്കറ്റ്
6. കെട്ടിടനിര്‍മ്മാണ നിയമം ബാധകമല്ലെന്ന സര്‍ട്ടിഫിക്കറ്റ്
7.മരണ സര്‍ട്ടിഫിക്കറ്റ്
8. വാസയോഗ്യമായ വീടില്ല എന്ന സര്‍ട്ടിഫിക്കറ്റ്
9. നോണ്‍–അവയിലബിലിറ്റി സര്‍ട്ടിഫിക്കറ്റ്
10. പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ്
കടകള്‍ക്കുള്ള ലൈസന്‍സ്‌.
കടകള്‍ക്കുള്ള ലൈസന്‍സ്‌ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നെടുക്കുമ്പോള്‍ കടകള്‍ക്ക്‌ വയ്ക്കുന്ന ബോര്‍ഡില്‍ സ്ഥലത്തിന്റെ പേര് വയ്ക്കുന്നത്‌ നിര്‍ബന്ധമാണ്. നിലവിലുള്ള കടകളുടെ ബോര്‍ഡുകളിലും സ്ഥലനാമം വയ്ക്കേണ്ടതാണ്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍.
സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ലഘുലേഖകള്‍ എന്നിവ പ്രസിദ്ധീകരിക്കുകയോ, പ്രദര്‍ശിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. തപാല്‍ വഴി ഇത്തരത്തിലുള്ള പുസ്തകങ്ങളോ ലഘുലേഖകളോ, പേപ്പറുകളോ, ഫിലിം, ഫോട്ടോ തുടങ്ങിയവ അയയ്കുന്നതും കുറ്റകരമാണ്. മൊബൈല്‍ ഫോണില്‍ കൂടി അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതും കുറ്റകരമാണ്. ഇന്‍ഡ്യന്‍ ശിക്ഷാനിയമം 509-ം വകുപ്പനുസരിച്ച്‌ ഒരു സ്ത്രീയുടെ മാന്യതയെ നിന്ദിക്കുവാനുള്ള ഉദ്ദേശത്തോടെ ഏതെങ്കിലും വാക്ക്‌ ഉച്ഛരിക്കുകയോ, ശബ്ദം ഉണ്ടാക്കുകയോ, ആംഗ്യം കാണിക്കുകയോ, ഏതെങ്കിലും വസ്തു പ്രദര്‍ശിപ്പിക്കുകയോ ചെയ്താല്‍ ഒരു വര്‍ഷം തടവോ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതാണ്.

സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഠനങ്ങള്‍.
ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക്‌ സംരക്ഷണം നല്‍കുന്നതിനുള്ള നിയമം 2006 ഒക്ടോബറില്‍ നിലവില്‍ വന്നു. പീഠനം നടക്കുന്ന വിവരത്തെ സംബന്ധിച്ച്‌ പരാതിക്കാരിക്കോ, അതറിവുള്ള വ്യക്തിക്കോ സന്നഗ്ദ സംഘടകള്‍ക്കോ വിവരം നല്‍കാം. എതിര്‍ കക്ഷിയുടെ ഏതെങ്കിലും പെരുമാറ്റംങ്ങളും നടപടികളും താഴപ്പറയുന്ന സ്വഭാവമുള്ളതാണെങ്കില്‍ അവ ഗാര്‍ഹിക പീഠനങ്ങളുടെ പരിധിയില്‍ വരും. ശാരീരികപരമായും, ലൈംഗികമായും, വൈകാരികമായും, സാമ്പത്തികമായും ചൂഷണം ചെയ്യുന്നത്‌, സാമ്പത്തിക നേട്ടത്തിനായി പരാതിക്കാരിയേയോ, അവരുടെ ബന്ധമുള്ള ആരെയെങ്കിലും നിര്‍ബന്ധിക്കുന്നതിനു വേണ്ടി പീഠിപ്പിക്കുക, പരാതിക്കാരിക്കോ ബന്ധുവിനോ ഭീതിജനകമായ അവസ്ഥയുണ്ടാക്കുക എന്നിങ്ങനെ പരാതിക്കാരിയെ വേദനിപ്പിക്കുന്ന ഏതു പ്രവര്‍ത്തിയും ഗാര്‍ഹിക പീഠനമാണ്. ഗാര്‍ഹിക പീഠനങ്ങള്‍ക്കെതിരെ എല്ലാ ജില്ലകളിലും പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്‌.

. സ്ത്രീധനം വാങ്ങിയാല്‍.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും അതിനു പ്രേരിപ്പിക്കുന്നതും കുറ്റകരമാണ്. 5 വര്‍ഷത്തില്‍ കുറയാത്ത തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്‌. നേരിട്ടോ പരോക്ഷമായോ, വധുവിന്റെ മാതാപിതാക്കളോടോ ബന്ധുക്കളോടോ രക്ഷാകര്‍ത്താവിനോടോ സ്ത്രീധനം ആവശ്യപ്പെടുന്നത്‌ കുറ്റകരമാണ്. വിവാഹസമയത്ത്‌ വധുവിനോ വരനോ നല്‍കുന്ന സമ്മാനങ്ങളെ സ്ത്രീധനത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌.

കുടുമ്പ കോടതി.
വൈവാഹിക തര്‍ക്കങ്ങളിലുള്ള എല്ലാ കേസുകളും കുടുമ്പ കോടതിയുടെ പരിധിയില്‍ വരും. ഒരു വ്യക്തിക്ക്‌ നേരിട്ട്‌ കുടുമ്പകോടതിയില്‍ പരാതി നല്‍കാം. ഈ കോടതിയുടെ ഉത്തരവിനുമേല്‍ അപ്പീല്‍ ഇല്ല. അതൃപ്തിയുള്ള കക്ഷിക്ക്‌ സെഷന്‍സ് കോടതിയിലോ, ഹൈക്കോടതിയിലോ റിവിഷന്‍ ഹര്‍ജി കൊടുക്കാം. ദമ്പതികളെ രമ്യതയിലാക്കാന്‍ കൌണ്‍സിലിംഗ് സംവിധാനവും കുടുമ്പകോടതികളില്‍ നിലവിലുണ്ട്.

ഉപഭോക്തൃസംരക്ഷണ നിയമം.
പ്രതിഫലം നല്‍കി സാധനങ്ങള്‍ വാങ്ങുകയോ സേവനങ്ങള്‍ ലഭ്യമാക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പരാതികള്‍ക്ക്‌ ഉപഭോക്തൃ പരിഹാര ഫാറത്തി (കോടതി) നേയാണ് സമീപിക്കേണ്ടത്‌. വെള്ളപേപ്പറില്‍ പരാതി എഴുതികൊടുത്താല്‍ മതി. നിര്‍ദ്ദിഷ്ട ഫാറം ഒന്നും ഇല്ല. ഒരു ലക്ഷം രൂപ വരെയുള്ള പരാതികള്‍ക്ക്‌ 100 രൂപ ഫീസുണ്ട്‌. തുക കൂടുന്നതനുസരിച്ച്‌ ഫീസും കൂടും. വ്യവഹാരകാരണം ഉത്ഭവിച്ച്‌ 2 കൊല്ലത്തിനകം പരാതി നല്‍കിയിരിക്കണം. ബില്‍, രസീത്‌, വാറന്റി കാര്‍ഡ്‌ മുതലായവ വാങ്ങാന്‍ മറക്കരുത്‌. ശക്തമായ തെളിവുകള്‍ ആവശ്യമാണ്. തര്‍ക്കമുണ്ടായാല്‍ ആദ്യം എതിര്‍കക്ഷിയുമായി ചര്‍ച്ചചെയ്ത്‌ പരിഹരിക്കുവാന്‍ ശ്രമിക്കണം. നടന്നില്ലെങ്കില്‍ ഉപഭോക്തൃസംഘടനകളെ സമീപിക്കുക. അവര്‍വഴിയും ഒത്തു തീര്‍പ്പ്‌ നടന്നില്ലെങ്കില്‍ മാത്രം ഉപഭോക്തൃകോടതിയെ സമീപിക്കുക. 5 ലക്ഷം രൂപ വരെയുള്ള തര്‍ക്കങ്ങള്‍ക്ക് ജില്ലാ ഉപഭോക്തൃ ഫാറത്തിനേയാണ് സമീപിക്കേണ്ടത്‌. തിരുവനന്തപുരം ജില്ലാ ഫാറവും, സംസ്ഥാന കമ്മിഷനും തിരുവനന്തപുരം വഴുതക്കാട്‌ ചിന്മയ സ്കൂളിനു സമീപം പ്രവര്‍ത്തിക്കുന്നു.

വിവരാവകാശ നിയമം.
ജനാധിപത്യമൂല്യങ്ങള്‍ക്കനുസൃതമായി കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ നിര്‍വഹണത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക്‌ കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടാക്കുന്നതിനും പൊതുജനങ്ങള്‍ക്കാവശ്യ മായ ഔദ്ദ്യോഗിക രേഖകളും മറ്റും യഥാസമയം ലഭ്യമാക്കുന്നതിനാണ് ഈ നിയമം നിര്‍മ്മിച്ചിരിക്കുന്നത്‌. 2005 ഓക്ടോബര്‍ 12 നു ഈ നിയമം പ്രാബല്യത്തില്‍ വന്നു. ആവശ്യപ്പെടുന്ന രേഖകളുടെ പകര്‍പ്പ്‌ നല്‍കുവാന്‍ അധികാരപ്പെടുത്തിയിട്ടുള്ള ‘പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍’ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഉണ്ട്. 10 രൂപ കോര്‍ട്ട്ഫീ സ്റ്റാമ്പൊട്ടിച്ച വെള്ള കടലാസില്‍ അപേക്ഷിച്ചാല്‍ മതി. ആവശ്യപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ഓരോ എ.4 സൈസ്‌ പേജിനും 2 രൂപ ക്രമത്തില്‍ അടക്കേണ്ടതാണ്. അപേക്ഷ നല്‍കി 30 ദിവസത്തിനകം ആവശ്യപ്പെട്ട വിവരം ലഭ്യമാക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍, അപ്പല്ലേറ്റ്‌ അതോറിറ്റിക്ക്‌ 30 ദിവസത്തിനുള്ളില്‍ ആദ്യ അപ്പീല്‍ നല്‍കണം. അതിനും മറുപടി കിട്ടിയില്ലെങ്കില്‍ സംസ്ഥാന കമ്മീഷനു രണ്ടാമത്തെ അപ്പീല്‍ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഈ അസോസിയേഷന്റെ ‘രക്ഷാധികാരിയെ’ സമീപിക്കുക.

മോഷണം നടന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
അടുത്തുള്ള പോലീസ്‌ സ്റ്റേഷനില്‍ ഉടന്‍ വിവരം അറിയിക്കുക. വാതിലുകള്‍, അലമാരി, പെട്ടികള്‍ തുടങ്ങി മോഷണം നടന്ന സ്ഥലങ്ങളിലെ ഒരു ഉപകരണങ്ങളിലും സ്പര്‍ശിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മോഷ്ടാവിന്റെ വിരലടയാളങ്ങള്‍ നഷ്ടപ്പെടാതിരിക്കാനാണിത്‌.

കുടുമ്പശ്രീ യൂണിറ്റ്‌ ഉണ്ടാക്കുന്നതെങ്ങനെ.
ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ള കുടുമ്പങ്ങളെ ഏകോപിപ്പിച്ച്‌ അവരുടെ ജീവിത സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഊന്നല്‍ നല്‍കുന്നതാണ് കുടുമ്പശ്രി പദ്ധതി. ഒരു കുടുമ്പശ്രീ യൂണിറ്റില്‍ 15-20 വരെ അംഗങ്ങള്‍ ആകാം. ഒരു കുടുമ്പത്തിലെ ഒരു വനിതയ്ക്ക്‌ മാത്രമാണ് അംഗത്വം നല്‍കുന്നത്‌. ഭരണസമിതിയിലേക്ക്‌ 5 അംഗങ്ങളെ യോഗം ചേര്‍ന്ന്‌ തെരഞ്ഞെടുക്കണം. പ്രസിഡന്റ്, സെക്രട്ടറി, ആരോഗ്യ വോളന്റിയര്‍, അടിസ്ഥാര സൌകര്യ വോളന്റിയര്‍, വരുമാനദായക പ്രവര്‍ത്തന വോളന്റിയര്‍ എന്നിവരാണവര്‍. ആഴ്ചതോറും ഒരു ദിവസം യോഗം കൂടുകയും ഓരോ കൂടുമ്പത്തിലെ സ്ഥിതിവിവരങ്ങള്‍ ചോദിച്ചറിയുകയും ചര്‍ച്ച ചെയ്യുകയും വേണം. കൂടാതെ ഓരോ അംഗത്തിന്റേയും അരോഗ്യസ്ഥിതി മനസ്സിലാക്കി അവര്‍ക്ക്‌ വേണ്ട സഹായങ്ങള്‍ ചെയ്യുകയും വേണം. സെക്രട്ടറിയുടേയും പ്രസിഡന്‍‌ന്റിന്റേയും പേരില്‍ സഹകരണ ബാങ്കില്‍ അക്കൌണ്ട്‌ ഓപ്പണ്‍ ചെയ്യണം. കുടുമ്പശ്രീ യൂണിറ്റുകള്‍ക്ക്‌ കുറഞ്ഞ പലിശനിരക്കില്‍ സബ്‌സിഡിയോടുകൂടി സംഘത്തിന്റെ പേരില്‍ വായ്പ അനുവദിച്ചു കിട്ടുന്നതാണ്. ഈ തുക ശരിയായ രീതിയില്‍ ഉപയോഗിച്ച്‌ കൃത്യമായി തിരിച്ചടക്കുന്ന സംഘങ്ങള്‍ക്ക്‌ കൂടുതല്‍ തുക ലഭിക്കുന്നതാണ്. അവര്‍ക്ക്‌ മാത്രമേ സബ്‌സിഡിയും ലഭിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പഞ്ചായത്ത്‌ പ്രതിനിധിയെ സമീപിക്കൂ.

വീട്ടു സാധനങ്ങള്‍ കയറ്റിറക്കുമ്പോള്‍.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ സ്വന്തം കോംബൌണ്ടില്‍ ഇറക്കാനായി ഇഷ്ടമുള്ള തൊഴിലാളികളെ നിയോഗിക്കാം. കയറ്റിറക്ക്‌ കൂലിയില്‍ തര്‍ക്കമുണ്ടെങ്കില്‍ ഹെഡ്‌ ലോഡ്‌ വര്‍ക്കേര്‍സ്സ്‌ വെല്‍ഫെയര്‍ ബോര്‍ഡിന്റെ പ്രാദേശിക ഓഫീസില്‍ നിന്നും ഹെഡ്‌ലോഡ്‌ വര്‍ക്കേര്‍സ്‌ ആക്ട്‌ പ്രകാരമുള്ള നിരക്കുകള്‍ നമുക്ക്‌ ലഭിക്കുന്നതാണ്. കയറ്റിറക്ക്‌ ജോലി തടസപ്പെടുത്തുന്നതോ ഭീഷണിപ്പെടുത്തി അധിക കൂലി വാങ്ങുന്നതോ കുറ്റകരമാണന്ന്‌ ഹൈക്കോടതി വിധിച്ചിട്ടുണ്ട്. ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്കുകളില്‍ വീട്ടുടമകള്‍ക്ക്‌ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടെന്നാണ് കോടതി വിധി. തര്‍ക്കങ്ങളില്‍ പോലീസിനു ഇടപെടുകയും ചെയ്യാം. ജോലിചെയ്യുന്നവര്‍ക്കാണ് കൂലി നല്‍കേണ്ടതെന്നും, നോക്കിനില്‍ക്കുന്നവനല്ലെന്നും ഈയിടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ തുറന്നു പ്രഖ്യാപിച്ചത്‌ പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി.
2005 ആഗസ്തില്‍ പാര്‍ലമെന്റ് ഏകകണ്ഠമായി അംഗീകരിച്ച ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമമാണ് ഈ പദ്ധതിയുടെ നട്ടെല്ല്. ഗ്രാമീണ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ നൂറുദിവസം കായികാധ്വാനം ആവശ്യമുള്ള അവിദഗ്ധ തൊഴില്‍ ഉറപ്പാക്കണമെന്നും അതിന് സംസ്ഥാനത്തെ മിനിമം കൂലി നല്കണമെന്നുമാണ് നിയമം അനുശാസിക്കുന്നത്. പഞ്ചായത്തുകളാണ് പദ്ധതി നടപ്പാക്കേണ്ടത്. ഒരു കുടുംബത്തിലെ 18 വയസ്സുകഴിഞ്ഞ ആര്‍ക്കും പദ്ധതിയില്‍ ചേരാനായി രജിസ്റ്റര്‍ ചെയ്യാം. ഇവര്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെന്നോ മുകളിലുള്ളവരെന്നോ വ്യത്യാസമില്ല. രജിസ്റ്റര്‍ ചെയ്തവരുടെ ഫോട്ടോയും വിശദവിവരങ്ങളും ഉള്‍പ്പെടുത്തിയ തൊഴില്‍കാര്‍ഡ് പഞ്ചായത്ത് നല്‍കും. പഞ്ചായത്തിലെ സ്ഥിരതാമസക്കാരും 18 വയസ്സു കഴിഞ്ഞവരുമായ ആര്‍ക്കും തൊഴില്‍ കാര്‍ഡ് നിഷേധിക്കരുതെന്നാണ് നിയമം കാര്‍ഡുള്ളവര്‍ തൊഴിലിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് നല്കണം. 15 ദിവസത്തിനകം തൊഴില്‍ നല്കിയിരിക്കണം. ഇല്ലെങ്കില്‍ തൊഴിലില്ലായ്മാ വേതനത്തിന് അപേക്ഷകന്‍ അര്‍ഹനായിരിക്കും. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി ഗ്രാമപ്പഞ്ചായത്തുകള്‍ നടപ്പാക്കുന്ന പ്രവൃത്തികളിലാണ് തൊഴില്‍ ലഭിക്കുക. ജലസംരക്ഷണ, ഭൂവികസന പരിപാടികള്‍ക്കാണ് പദ്ധതിയില്‍ മുന്‍ഗണന. തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തില്‍ 125 രൂപയാണ് വേതനം. ആണിനും പെണ്ണിനും തുല്യം. രണ്ടാഴ്ച കൂടുമ്പോള്‍ വേതനം തൊഴിലാളികളുടെ അക്കൌണ്ടില്‍ ബാങ്കിലെത്തും. ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍ പഞ്ചായത്ത് സഹായിക്കും. കരാറുകാരില്ലാത്തതും തൊഴിലാളികളുടെ കൂലി മറ്റാരുടെയും കൈകളില്‍ എത്താത്തതും അഴിമതി തടയുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നു. 2008 ഏപ്രില്‍ 1 മുതല്‍ തിരുവനന്തപുരം ജില്ലയിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചു.

Read More

അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന
കാര്യങ്ങള്‍

നിങ്ങൾ അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങള്‍ >
     Online TV
     Online TV